സങ്കീർത്തനങ്ങൾ Chapter 24 | Psalms Chapter 24

സങ്കീർത്തനങ്ങൾ Chapter 24

For English

സങ്കീർത്തനങ്ങൾ 24

സങ്കീർത്തനങ്ങൾ അദ്ധ്യായം 24

1. ഭൂമിയും അതിന്റെ പൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.

2. സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.

3. യഹോവയുടെ പർവ്വതത്തിൽ ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?

4. വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ. വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.

5. അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

6. ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.

7. വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

8. മഹത്വത്തിന്റെ രാജാവു ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.

9. വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ; പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

10. മഹത്വത്തിന്റെ രാജാവു ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.

#
Share your love

Leave a Reply

Your email address will not be published. Required fields are marked *